Tuesday, August 12, 2014

സ്വാതന്ത്ര്യ ദിനത്തില്‍ ചില സ്വതന്ത്ര ചിന്തകള്‍



ഭാരതം സ്വാതന്ത്ര്യത്തിന്‍റെ അറുപത്തിഏഴ് ആണ്ടുകള്‍ പിന്നിടുകയാണ്. കഴിഞ്ഞ നാളുകളില്‍ ലോകരാജ്യങ്ങളുടെ ഇടയില്‍ തല ഉയര്‍ത്തി നില്‍ക്കത്തക്കവണ്ണം വളരെയേറെ നേട്ടങ്ങള്‍ കൈവരിക്കാന്‍ നമ്മുടെ രാജ്യത്തിന് കഴിഞ്ഞിട്ടുണ്ട്. സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ എല്ലാ ധീരദേശാഭിമാനികള്‍ക്കു മുമ്പിലും പിന്നീട് സ്വദേശത്തിന്‍റെ വളര്‍ച്ചക്കായി അക്ഷീണം പ്രവര്‍ത്തിച്ച രാജ്യസ്നേഹികള്‍ക്ക് മുമ്പിലും അഭിമാനത്തോടെ എന്‍റെ പ്രണാമം. 

ഒരു പുത്തന്‍ പ്രതീക്ഷയോടെയാണ് ഭാരതം ഇത്തവണ സ്വാതന്ത്ര്യദിനത്തെ വരവേല്‍ക്കുന്നത്. നീണ്ട പത്തു വര്‍ഷത്തെ (അഴിമതി നിറഞ്ഞ) കൂട്ടുകക്ഷി ഭരണത്തിന് ശേഷം ഭാജ്പ (BJP) എന്ന ഒറ്റ കക്ഷി നേതൃത്വം കൊടുക്കുന്ന ഭരണത്തിന്‍ കീഴിലാണ് ഇന്ന് ഭാരതം. കഴിഞ്ഞ തിരഞ്ഞെടുപ്പ്, ഒരര്‍ത്ഥത്തില്‍, ജനാധിപത്യത്തിന്‍റെ ശക്തി തെളിയിക്കുന്നതായിരുന്നു. അഴിമതിക്കാര്‍ക്ക് ഇനി വോട്ടില്ല എന്ന് ജനങ്ങള്‍ തീരുമാനിച്ചിരുന്നു; ഒപ്പം ഞങ്ങള്‍ക്ക് ഒരു ഭരണമാറ്റം വേണമെന്നും. മറ്റൊരര്‍ത്ഥത്തില്‍ ഭാരതം പോലൊരു വിശാല, സാംസ്കാരിക വൈവിധ്യ ദേശത്ത് ജനാധിപത്യത്തിനുള്ള ന്യുനതയും ഈ തിരഞ്ഞെടുപ്പ് വെളിവാക്കി. ഹിന്ദി സംസാരിക്കുന്ന ഉത്തര ഭാരത സംസ്ഥാനങ്ങള്‍ ഭരണത്തിന്‍റെ ഗതി നിര്‍ണയിച്ചു. ഭരണ ഭാഷയില്‍ നിന്ന് ആംഗലേയ ഭാഷയെ ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ നടന്നത് ഈ ഭരണത്തിന്‍റെ തുടക്കത്തില്‍ വാര്‍ത്തയായിരുന്നു.

ശ്രീ നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ഭരണത്തെ വിലയിരുത്താന്‍ ഞാന്‍ ആളല്ല; അങ്ങനെയൊരു ഉദ്ദേശവും എനിക്കില്ല. മോഡി കര്‍ത്താവിന്റെ ദാസനാണെന്നും അതല്ല വര്‍ഗ്ഗീയതയുടെ പിതാവും പ്രവാചകനും ആണെന്നുമുള്ള വാദപ്രതിവാദങ്ങളും ആശയ സംവാദങ്ങളുമൊക്കെ കത്തോലിക്കാ പ്രസിദ്ധീകരണങ്ങള്‍ നടത്തിയിട്ട്‌ അധിക നാളായില്ല. അതിന്റെ കോലാഹലങ്ങള്‍ തീര്‍ന്നു വരുന്നതേയുള്ളൂ. രാജ്യത്തെ പ്രശ്നങ്ങളൊക്കെ ഒറ്റയടിക്ക് തീര്‍ക്കാന്‍ തക്ക മന്ത്രവടിയൊരെണ്ണം പുതിയ മന്ത്രിസഭയുടെ കയ്യില്‍ ഉണ്ടെന്ന തെറ്റിദ്ധാരണയൊന്നും എനിക്കില്ല. പക്ഷെ ഈ സ്വാതന്ത്ര്യ ദിനം പുതിയ പ്രതീക്ഷയോടെ നോക്കികാണാന്‍ ആണ് എനിക്കിഷ്ടം; മറിച്ചാണെങ്കിൽ അങ്ങനെ തെളിയിക്കപ്പെടുന്നതു വരെയെങ്കിലും. 

രാഷ്ട്രീയ സ്വാതന്ത്ര്യം നേടിയിട്ട് അറുപത്തി ഏഴ് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും പാരതന്ത്ര്യതിന്റെ എത്രയെത്ര മേഖലകള്‍ ഇനിയും നാം പിന്നിടേണ്ടിയിരിക്കുന്നു. യഥാര്‍ത്ഥമായ സ്വാതന്ത്ര്യം അതിന്‍റെ പൂര്‍ണതയില്‍ എത്തണമെങ്കില്‍ ഇവിടെ പൂര്‍ണ സാമൂഹ്യ നീതി നടപ്പാവണം (social justice), വിഭവങ്ങളുടെ നീതിപൂര്‍വകമായ (equitable) വിഭജനം ഉണ്ടാവണം, അടിസ്ഥാന മാനുഷിക അവകാശങ്ങള്‍ (basic human rights) തുല്യമായി നടപ്പാവണം, അടിസ്ഥാന വിദ്യാഭ്യാസം ഏവര്‍ക്കും ലഭിക്കണം. 

നിയമം മൂലം നിരോധിക്കപ്പെട്ടിട്ടും ഇന്നും നമ്മുടെ രാജ്യത്ത് നിലനില്‍ക്കുന്ന ജാതി വ്യവസ്ഥ തന്നെയാണ് ഈ പാരതന്ത്ര്യതിന്റെ ഏറ്റവും പ്രകടവും ക്രൂരവുമായ മുഖം. ഭാരത ഭരണഘടനയുടെ പതിനഞ്ചും പതിനേഴും വകുപ്പുകള്‍ അനുസരിച്ച് ജാതിയുടെ പേരിലുള്ള ഏത് വിവേചനവും തൊട്ടുകൂടായ്മയും കുറ്റകൃത്യമായി കണക്കാക്കപെടുന്നു. പക്ഷെ ഭാരതത്തില്‍ ഇന്നും, പ്രത്യേകിച്ചും ഉത്തര ഭാരത സംസ്ഥാനങ്ങളില്‍, ഇത് വലിയതോതില്‍ നിലനില്‍ക്കുകയും പലരാലും പ്രോത്സാഹിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഒരേ സ്കൂളില്‍ വിവിധ ജാതികളില്‍ പെട്ട അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും കുടിക്കാന്‍ വിവിധ പാത്രങ്ങളില്‍ കുടിവെള്ളം സജ്ജീകരിക്കുന്നു എന്ന് പറഞ്ഞാല്‍ ആധുനിക ലോകത്തിനു അത് വിശ്വസിക്കാന്‍ പ്രയാസമായിരിക്കും, പക്ഷേ ഇത് പച്ചയായ യാഥാര്‍ത്ഥ്യം മാത്രം. ‘താഴ്ന്ന ജാതിക്കാര്‍’ അങ്ങനെയായത് ദൈവേഷ്ടമാണ് എന്നും അവര്‍ ‘മുതിര്‍ന്ന ജാതി’ക്കാരുടെ കീഴില്‍ നില്‍ക്കേണ്ടവര്‍ ആണെന്നും ചിന്തിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന ഒരു ജനത. ഭാരതത്തില്‍ ഗാന്ധിജിയേക്കാള്‍ അയ്യങ്കാളി ആദരിക്കപ്പെടെണ്ടതാണ് എന്ന് ഈയിടെ അരുന്ധതി റോയി അഭിപ്രായപ്പെട്ടത് ഈ യാഥാര്‍ത്ഥ്യങ്ങള്‍ നേരില്‍ കണ്ടിട്ടുള്ളതു കൊണ്ടാവണം. കാരണം വിദേശ ആധിപത്യത്തെക്കാള്‍ പലപ്പോഴും ക്രൂരമാണ് സ്വദേശികളുടെ തന്നെ ഈ വിവേചനവും ആധിപത്യ മനോഭാവവും

ഭാരതത്തിന്‌ നാണക്കേടുണ്ടാക്കുന്ന മറ്റൊരു കറുത്ത മുഖം ഈയിടെ ലോകാരോഗ്യസംഘടന ചൂണ്ടിക്കാണിക്കുകയുണ്ടായി. അവര്‍ ഈയിടെ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഭാരതത്തില്‍ പൊതു സ്ഥലം മലവിസ്സര്‍ജ്ജനത്തിന് ഉപയോഗിക്കുന്നവരുടെ എണ്ണം അറുപതു കോടിയില്‍ അധികമാണ്. അതായത് ജനസംഖ്യയുടെ പകുതിയില്‍ അധികം പേര്‍ക്കും വീടുകളില്‍ ശുചിമുറി സൗകര്യങ്ങള്‍ ഇല്ല. വീടിനോട് ചേര്‍ന്നോ വീടിന്‍റെ പരിസരത്തോ ശുചിമുറികള്‍ എന്നത് അവര്‍ക്ക് അചിന്തനീയമാണ്. വഴിവക്കുകളും പാടവരമ്പുകളുമാണ് അവര്‍ക്ക് ശുചിമുറികള്‍. ഇവിടെ ആദ്യം പണിയേണ്ടത് ആരാധനാലയങ്ങള്‍ അല്ല ശൗചാലയങ്ങള്‍ ആണെന്ന് ഒരിക്കല്‍ ശ്രീ ജയറാം രമേശ്‌ പറഞ്ഞതിനോട് വിയോജിക്കാന്‍ ആര്‍ക്കു കഴിയും. പൊതുസ്ഥലത്തെ മലമൂത്ര വിസ്സര്‍ജ്ജനം സമൂഹത്തില്‍ ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ ചെറുതല്ല. ഒരു ഗ്രാം മനുഷ്യ വിസ്സര്‍ജ്ജതില്‍ കോടിയിലധികം വൈറസുകളും അത്രതന്നെ ബാക്ടീരിയകളും ആയിരകണക്കിന് മറ്റു രോഗാണുക്കളും അടങ്ങിയിരിക്കുന്നു എന്നാണ് കണക്ക്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഓരോ ദിവസവും നമ്മുടെ രാജ്യത്ത് ആറുകോടി കിലോഗ്രാം മനുഷ്യ വിസ്സര്‍ജ്ജ്യമാണ് പൊതു സ്ഥലത്തേക്ക് പുറന്തള്ളപ്പെടുന്നത്. ലോക ശിശുക്ഷേമ സമിതിയുടെ (UNICEF) കണക്കുപ്രകാരം ഭാരതത്തിലെ ഉയര്‍ന്ന ശിശു മരണ നിരക്കിന് കാരണങ്ങളിലൊന്ന് ശരിയായ ശുചിമുറി സൗകര്യങ്ങള്‍ ഇല്ലാത്തതാണ്. കോളറ, ടൈഫോയ്ഡ്, ന്യുമോണിയ, ഡയറിയ, ഹെപ്പറ്റൈറ്റിസ് തുടങ്ങിയ അനേകം രോഗങ്ങള്‍ ഇത് മൂലം പടരുന്നു. സന്ധ്യയുടെ ഇരുളിലും പ്രഭാതത്തിന്റെ വിജനതയിലും അത്യാവശ്യത്തിനു ‘വെളിക്കിറങ്ങേണ്ടി’ വരുന്ന സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും അവസ്ഥ എത്ര ഭീകരമാണെന്ന് കൂടി നാം ചിന്തിക്കണം. കര്‍ശനവും അഴിമതിരഹിതവുമായ നടപടികളും, കൃത്യതയാര്‍ന്ന ബോധവല്‍ക്കരണവും കൊണ്ടല്ലാതെ ഈ രീതികള്‍ക്ക് മാറ്റം വരുത്താന്‍ നമുക്ക് കഴിയില്ല. നമ്മുടെ രാജ്യത്ത് തൊണ്ണൂറു കോടിയിൽ അധികം മൊബൈൽ വരിക്കാരുണ്ട് എന്നാണു കണക്ക്. അതായത് ജനസംഖ്യയുടെ എഴുപത്തിഅഞ്ചു ശതമാനം. എന്നാൽ പൊതുസ്ഥലം  മലവിസ്സർജ്ജനത്തിന് ഉപയോഗിക്കുന്നവർ അറുപതു ശതമാനത്തിൽ ഏറെയാണ്‌.

ഒത്തിരിയേറെ വിജയങ്ങൾക്കിടയിൽ, വളർച്ചകൾക്കിടയിൽ  ചില കറുത്ത പാടുകൾ ഓർത്തു എന്നേയുള്ളൂ. ഭാരതത്തിന്റെ വളർച്ചയെ ഒരിക്കലും വില കുറച്ചുകാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല, ഈ ലേഖനത്തിന്  അങ്ങനെ ഒരു ഉദ്ദേശവുമില്ല; മാത്രവുമല്ല ഒരു ഭാരതീയൻ എന്നതിൽ ഞാൻ അഭിമാനിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നു. പക്ഷെ ഈ തിളക്കങ്ങള്‍ക്കിടയില്‍, ചില കറുത്ത പാടുകള്‍ നാം കാണാതെ പോകരുത്. അവ ഭാരതത്തിന്‍റെ തിളക്കത്തിന് ശോഭ കുറയ്ക്കുക തന്നെ ചെയ്യും. ഈ സ്വാതന്ത്ര്യ ദിനം കൂടുതല്‍ കരുത്തോടെ മുന്നോട്ടു ഈ ലക്ഷ്യത്തിലേക്ക് കുതിക്കാന്‍ ഓരോ ഭാരതീയനും കരുത്തുപകരട്ടെ.

1 comment:

You are Welcome to Comment