Saturday, August 9, 2014

രാഖി: സംരക്ഷണത്തിന്റെ പൊന്‍നൂല്‍


രാഖി അഥവാ രക്ഷാബന്ധന്‍ സഹോദരീ സഹോദര ബന്ധത്തിന്റെ മഹത്തായ ഉത്സവമാണ്. ഒരുകാലത്ത് ഉത്തരേന്ത്യയില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന ഈ ഉത്സവം ഇന്ന് ജാതി മത ഭേദമെന്യേ ഭാരതം മുഴുവന്‍ ആഘോഷിക്കപ്പെടുന്നുണ്ട്. ശ്രാവണ മാസത്തിലെ പൌര്‍ണമി നാളില്‍ ആഘോഷിക്കപ്പെടുന്ന ഈ ഉത്സവദിവസം സ്ത്രീകള്‍ സഹോദരങ്ങളുടെയോ സഹോദരങ്ങളായി കാണാന്‍ ആഗ്രഹിക്കുന്ന പുരുഷന്‍മാരുടെയോ കൈത്തണ്ടയില്‍ ഒരു രാഖിചരട് ബന്ധിക്കുന്നു. ഇങ്ങനെ രാഖിചരടിനാല്‍ ബന്ധിതനാകുന്ന പുരുഷന്‍ അവളെ സഹോദരിയെ പോലെ സ്നേഹിക്കാനും സംരക്ഷിക്കാനും അത് വഴി നിയോഗിതനാകുന്നു.


രക്ഷാബന്ധന്‍ ഉത്സവത്തിന്‍റെ ആരംഭത്തെ പറ്റി നിരവധി കഥകളുണ്ട്. ഭാഗവത പുരാണത്തില്‍ പറയുന്ന ഒരു കഥ ഇങ്ങനെയാണ്. ദേവാസുര യുദ്ധത്തില്‍ വിഷ്ണുഭഗവാന്‍ അസുരരാജന്‍ ബാലിയെ തോല്‍പ്പിച്ച് മൂന്നു ലോകങ്ങളും സ്വന്തമാക്കി. തന്‍റെ മേല്‍ വിജയം നേടിയ വിഷ്ണുഭഗവാന്‍ തന്‍റെ കൊട്ടാരത്തില്‍ താമസിക്കണം എന്ന് ബാലി ആവശ്യപ്പെട്ടു. ബാലിയുടെ ആഗ്രഹം അനുസരിച്ച് വിഷ്ണുഭഗവാന്‍ ബാലിയുടെ കൊട്ടാരത്തില്‍ താമസം ആരംഭിച്ചു. പക്ഷെ തന്‍റെ ഭര്‍ത്താവ് ബാലിയുടെ കൊട്ടാരത്തില്‍ താമസമാക്കിയത് വിഷ്ണുഭഗവാന്‍റെ ഭാര്യ ലക്ഷ്മിദേവിക്ക് അത്ര രസിച്ചില്ല. തന്‍റെ ഭര്‍ത്താവ് വൈകുന്ധത്തിലേക്ക് മടങ്ങി വരണമെന്ന് ലക്ഷ്മിദേവി ആഗ്രഹിച്ചു. പക്ഷെ ബാലിയുടെ കൊട്ടാരത്തില്‍ താമസിക്കാം എന്ന് വിഷ്ണുഭഗവാന്‍ ബാലിക്ക് വാക്ക് കൊടുത്തു പോയി. തന്‍റെ ഭര്‍ത്താവിനെ മടക്കി കൊണ്ടുവരാന്‍ ലക്ഷ്മിദേവി ഒരു മാര്‍ഗം കണ്ടെത്തി. ശ്രാവണ മാസത്തിലെ പൌര്‍ണമി നാളില്‍ ലക്ഷ്മിദേവി ബാലിയുടെ കൈകളില്‍ ഒരു രാഖി ബന്ധിച്ചു. രാഖിയാല്‍ ബന്ധിതനായ ബാലി ലക്ഷ്മിദേവിക്ക് എന്ത് സമ്മാനം ആണ് തന്നില്‍ നിന്ന് വേണ്ടതെന്നു ചോദിച്ചു. ബാലിയുടെ കൊട്ടാരത്തില്‍ തന്‍റെ ഭര്‍ത്താവ് താമസിക്കണം എന്ന അദ്ധേഹത്തിന്റെ ആവശ്യത്തില്‍ നിന്ന് തന്‍റെ ഭര്‍ത്താവിനെ സ്വതന്ത്രമാക്കണം എന്ന് ലക്ഷ്മിദേവി ആവശ്യപ്പെട്ടു. ദേവിയുടെ ആഗ്രഹം സാധിച്ചു കൊടുക്കുക മാത്രമല്ല ബാലി ചെയ്തത്, അവരെ തന്‍റെ സഹോദരിയായി സ്വീകരിക്കുകയും ചെയ്തു. 

മറ്റൊരു സംഭവം ഇങ്ങനെയാണ്. ഗണേശ ഭഗവാന് ശുഭ് - ലാഭ് എന്നീ പേരുകളില്‍ രണ്ടു പുത്രന്മാര്‍ ഉണ്ടായിരുന്നു. ഒരു ശ്രാവണ മാസത്തിലെ പൌര്‍ണമി നാളില്‍ ഗണേശ ഭഗവാന്‍റെ സഹോദരി ജ്യോതി അദ്ധേഹത്തിന്റെ കൈകളില്‍ രാഖി ബന്ധിച്ചു. ഗണേശ ഭഗവാന്‍റെ ഭാര്യമാരായ ഋദ്ധിയും സിദ്ധിയും ഈ ചടങ്ങിന്റെ പ്രാധാന്യത്തെ കുറിച്ച് ശുഭിനും ലാഭിനും വിവരിച്ചു കൊടുത്തു. ഇതു കേട്ടു അവര്‍ തങ്ങള്‍ക്കു ഒരു സഹോദരി ഇല്ലല്ലോ എന്നോര്‍ത്ത് ദുഖിച്ചു. അവരുടെ ദുഖം കണ്ട് ഗണേശ ഭഗവാന്‍ അവര്‍ക്കായി സന്തോഷിമാ എന്നപേരില്‍ ഒരു സഹോദരിയെ സൃഷ്ടിച്ചു നല്‍കി. ശുഭും ലാഭും സന്തോഷിമായെ സഹോദരിയായി സ്വീകരിച്ച് സ്നേഹിച്ചു സംരക്ഷിച്ചു. 


പുരാണങ്ങളും കഥകളും എന്തുമാകട്ടെ, രക്ഷാബന്ധന്‍ നമുക്ക് നല്‍കുന്ന മനോഹരമായ, ഹൃദയ സ്പര്‍ശിയായ ഒരു സന്ദേശമുണ്ട്. നമ്മുടെയൊക്കെ കൈത്തണ്ടകളില്‍ നാമൊക്കെ പലപ്പോഴും തിരിച്ചറിയാതെ പോകുന്ന കുറെയധികം അദൃശ്യമായ രാഖി ചരടുകളുണ്ട് എന്ന് ഈ ആഘോഷം നമ്മെ ഓര്‍മിപ്പിക്കും; എന്‍റെ ചുറ്റുമുള്ളവരൊക്കെ എന്‍റെ സഹോദരനും സഹോദരിയുമാണെന്നും അവരെ സ്നേഹിക്കാനും സംരക്ഷിക്കാനും എനിക്ക് കടമയുണ്ടെന്നും നമ്മെ ഓര്‍മ്മിപ്പിക്കുന്ന കുറെ രാഖി ചരടുകള്‍. അയല്‍ക്കാരനെ സഹോദരനായും അയല്‍ക്കാരിയെ സഹോദരിയായും പലപ്പോഴും നാം തിരിച്ചറിയാതെ പോകുന്നത് കൈത്തണ്ടയിലെ ഈ അദൃശ്യ രാഖി ചരടുകളുടെ സാന്നിധ്യം നാം മറന്നു പോകുന്നതു കൊണ്ടാണ്. ചുറ്റുപാടുമുള്ള മനുഷ്യരൊക്കെ  എന്‍റെ സുഖത്തിനായി എനിക്കുപയോഗിക്കാവുന്ന വസ്തുക്കള്‍ ആണ് എന്നു ഞാന്‍ ചിന്തിച്ചു പോകുന്നത് ഈ മറവി കൊണ്ടാണ്.  ബൈബിളിലെ ഉല്പത്തി പുസ്തകത്തില്‍ ദൈവം കായേനോട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്, “നിന്‍റെ സഹോദരന്‍ എവിടെ?” കായേന്റെ മറു ചോദ്യം ഇങ്ങനെയാണ്, “എനിക്കറിഞ്ഞുകൂടാ, എന്‍റെ സഹോദരന്‍റെ കാവല്‍ക്കാരന്‍ ആണോ ഞാന്‍?” ദൈവം അവനു കൊടുത്ത ശിക്ഷ ഓരോ മനുഷ്യനും അവനു ചുറ്റുമുള്ള സഹോദരന്റെ കാവല്‍ക്കാരന്‍ ആണെന്ന സത്യം തീവ്രതയോടെ നമ്മെ ഓര്‍മിപ്പിക്കും. പീഡനങ്ങളും തട്ടിപ്പുകളും യുദ്ധങ്ങളും രക്തചൊരിച്ചിലുകളും ഒക്കെ കൊണ്ട് മാധ്യമങ്ങള്‍ നിറയുകയാണ്. സഹോദരിമാര്‍ തെരുവിലും ബസിലും എന്തിന് വിദ്ധ്യാലയങ്ങളിലും കുടുംബങ്ങളിലും പോലും പിച്ചിചീന്തപ്പെടുന്നു. സഹോദരസ്നേഹത്തിന്‍റെ, അത് നമുക്ക് നല്‍കുന്ന ഉത്തരവാദിത്വങ്ങളുടെ രാഖിചരടുകള്‍ നമുക്ക് ഓര്‍മപ്പെടുത്തലുകള്‍ ആയെങ്കില്‍ എന്ന് ആഗ്രഹിക്കുകയാണ്. ചുറ്റുമുള്ള മനുഷ്യരോട് മാത്രമല്ല, അതിനുമപ്പുറം സകല ജീവജാലങ്ങളോടും, സസ്യലതാതികളോടും പ്രകൃതിയോടും ഈ മണ്ണിനോടും പുഴയോടും ഒക്കെ എനിക്ക് ചില ഉത്തരവാദിത്വങ്ങളുണ്ട്‌; അവയെയൊക്കെ സ്നേഹിക്കാനും, സംരക്ഷിക്കാനും, പിന്നെ വരും തലമുറകള്‍ക്കുവേണ്ടി അവയെ പരിരക്ഷിക്കാനുമുള്ള ഉത്തരവാദിത്വങ്ങള്‍. 

രക്ഷാബന്ധന്‍ ആഘോഷങ്ങൾ ഈ ഉത്തരവാദിത്വങ്ങളെ നമ്മെ വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കുന്നതാകട്ടെ.

No comments:

Post a Comment

You are Welcome to Comment