Thursday, October 18, 2012

അനിയത്തീ.. വേഗം തിരിച്ചുവരിക


പ്രിയപ്പെട്ട മലാല
ആശുപത്രി മുറിയിലെ യന്ത്രങ്ങള്‍ക്കു കീഴെ
ജീവിതത്തിനും മരണത്തിനുമിടയില്‍ നീയനുഭവിക്കുന്ന
വേദനയുടെ ആഴം ഞാനൂഹിക്കാന്‍ ശ്രമിക്കുന്നു...
എനിക്കൂഹിക്കാന്‍ കഴിയാവുന്നതിലേറെയാണതെന്നെനിക്കറിയാമെങ്കിലും.....
സ്വര്‍ഗത്തെപോലെ സുന്ദരമായ സ്വാതിന്റെ താഴ്വാരങ്ങള്‍ നിനക്കന്യമാകുന്നതോര്‍ത്ത്
നിന്റെ കുഞ്ഞു മനസ്സ് നീറുന്നത് ഞാനറിയുന്നു ...
കുഞ്ഞനിയത്തീ,
എന്റെ ജനലിനു താഴെ കുഞ്ഞുകുട്ടികള്‍ അച്ഛനമ്മമാരുടെ കൈപിടിച്ച്
സ്കൂളിലേക്ക് ചിരിച്ചുകൊണ്ട് നടന്നകലുന്നത് കാണുമ്പോള്‍
നിന്നെയോര്‍ത്തു ഇപ്പോള്‍ എന്റെ കണ്ണ് നിറയുന്നുണ്ട്...
ഇനിയൊരിക്കലും സ്കൂള്‍ തുറക്കില്ലേയെന്നോര്‍ത്ത് വിങ്ങുന്ന
നിന്റെ ഡയറി കുറിപ്പുകള്‍
എന്നെ വീണ്ടും കുത്തിനോവിക്കുന്നുണ്ട്‌ .
അനിയത്തീ എന്റെ പ്രാര്‍ത്ഥന നിന്നോടൊപ്പമുണ്ട്...
എന്റെ മാത്രമല്ല എന്നെപ്പോലെ ആയിരങ്ങളുടെ ...
മടങ്ങി വരിക ... വേഗം...
പട്ടാള വിമാനങ്ങളെ പേടിസ്വപ്നം കാണാതെയുറങ്ങാന്‍ ...
പഴയപോലെ അത്താഴത്തിനുശേഷം കുടുംബസമേതം നടക്കാനിറങ്ങാന്‍ ...
നിനക്കിഷ്ടമുള്ള പിങ്കുടുപ്പിട്ടു സ്കൂളില്‍ പോകാന്‍ ...
ഭയമില്ലാതെ പഠിക്കാന്‍ ...
നീ വേഗം മടങ്ങി വരിക ... ജീവിതത്തിലേക്ക്!
നിനക്കിനിയും ചെയ്യാനുണ്ട്‌, ഒരുപാട് കാര്യങ്ങള്‍
കാരണം
അണുബോംബുകളെക്കാള്‍
തീ തുപ്പുന്ന ടാങ്കുകളെക്കാള്‍
അവര്‍ പേടിച്ചത് നിന്റെ തൂലികയാണ്....
നിന്റെ വാക്കുകളിലെ തീയാണ്...
അനിയത്തീ.. വേഗം തിരിച്ചുവരിക!

5 comments:

You are Welcome to Comment