Thursday, June 14, 2012

ഉടഞ്ഞുപോയ പളുങ്കുപാത്രം



തുലാമഴ കനത്തു പെയ്യുന്ന, രൌദ്രതയുള്ള ഒരു ഇരുണ്ട സന്ധ്യ.
അന്നാണ് കല ആ അഗതി മന്ദിരത്തിൽ എത്തിയത്. ഏതൊക്കെയോ അകന്ന ബന്ധുക്കളും നാട്ടുകാരുമൊക്കെ ചേർന്നാണ്  അവളെ അവിടെ കൊണ്ടുവന്നാക്കിയത്. ആയുസിന്റെ വഴികളില്‍ , എന്തുകൊണ്ടൊക്കെയോ അനാഥത്വത്തിന്റെയും അവഗണനയുടെയുമൊക്കെ സമസ്യകളെ നേരിടേണ്ടി വന്നവരായിരുന്നു അവിടുത്തെ അന്തേവാസികളൊക്കെ. അവരുടെ കൂട്ടത്തിലേക്ക് ഒരുവള്‍ കൂടി.

പതിനാലോ പതിനാറോ വയസേ അവള്‍ക്കു കാണൂ. അനാകര്‍ഷകമായ കറുപ്പ് നിറം. തീരെ ഭംഗിയില്ലാത്ത, നിരാശ തളംകെട്ടി നില്‍ക്കുന്ന, ഉള്ളിലെ എന്തൊക്കെയോ വേദനകളെ കണ്ണാടിയിലെന്നപോലെ പ്രതിഫലിപ്പിക്കുന്ന മുഖം. മുഖത്തു വല്ലപ്പോഴും വിരുയുന്ന പുഞ്ചിരികള്‍ക്കൊന്നും ഉള്ളിലെ വേദനയുടെ കനലിനെ മറയ്ക്കാനാവുന്നില്ലെന്നത് ഒറ്റനോട്ടത്തില്‍ തന്നെ ആര്‍ക്കും മനസിലാവും.

അത്താഴത്തിനു വരുമ്പോള്‍ പുതിയ അംഗങ്ങളെ പരിചയപെടുത്തുകയും സ്വാഗതം ചെയ്യുകയും ചെയ്യുന്ന ഒരു പതിവുണ്ടവിടെ. എല്ലാവരും അവളെ കാത്തിരുന്നു. പക്ഷെ അത്താഴത്തിന് അവള്‍ വന്നില്ല. പുതിയൊരു സാഹചര്യവുമായി പൊരുത്തപ്പെടാന്‍ വൈകുന്നതാവും. ആരുമവളെ നിര്‍ബന്ധിച്ചില്ല.

പിറ്റേന്ന് പ്രാതലിനും അവളെ കാണാതെ വിളിക്കാന്‍ ചെന്ന സ്ത്രീയോട് അവള്‍ മിണ്ടാന്‍ പോലും കൂട്ടാക്കിയില്ല. സാഹചര്യങ്ങളുമായി അവള്‍ പൊരുത്തപെടട്ടെ. ഇതൊക്കെ എത്ര കണ്ടതാണെന്ന മട്ടില്‍ വീണ്ടും അവളെ ആരും നിര്‍ബന്ധിച്ചില്ല.

പക്ഷെ.... 
ഉച്ച ഭക്ഷണത്തിനും അവള്‍ വന്നില്ല. മറ്റാളുകളൊക്കെ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോള്‍ ഞാന്‍ അവളുടെ മുറിയിലേക്ക് ചെന്നു. അവള്‍ കട്ടിലില്‍ കണ്ണടച്ചു കിടക്കുകയായിരുന്നു. മുറിയില്‍ കാല്‍പെരുമാറ്റം കേട്ട് അവള്‍ കണ്ണ് തുറന്നെങ്കിലും എന്നെ കണ്ട ഭാവം നടിച്ചില്ല.

"നീയെന്താ ഭക്ഷണം കഴിക്കാന്‍ വരാത്തത്....?" വളരെ സൌമ്യമായിട്ടാണ് ഞാന്‍ ചോദിച്ചത്.

"എനിക്ക് വേണ്ടാഞ്ഞിട്ട് " അവളുടെ സ്വരത്തില്‍ ആരോടൊക്കെയോ ഉള്ള, നെഞ്ചില്‍ അമര്‍ത്തിവച്ച അമര്‍ഷത്തിന്റെ പൊള്ളലുകള്‍ ഉണ്ടായിരുന്നു.

അവള്‍ എന്റെ മുഖത്തേക്ക് നോക്കാതെ തിരിഞ്ഞു കിടന്നു.
കുറെ നേരത്തേക്ക് ഞാനൊന്നും മിണ്ടിയില്ല. അവിടെ വെറുതെ നിന്നതല്ലാതെ.

ഒടുവില്‍ നിശബ്തത ഞാന്‍ തന്നെ ഭേദിച്ചു. "നിനക്കെന്താ ഭക്ഷണം വേണ്ടാത്തത്...?"

അവള്‍ തിരിഞ്ഞ് ദയനീയമായി എന്നെയൊന്നു നോക്കി. ആ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു . ആ മുഖത്ത് കണ്ണീര്‍ നിലയ്കാത്ത പെരുമഴ പോലെ . എഴുന്നേറ്റ് അവള്‍ ഭിത്തിയില്‍ ചാരിയിരുന്നു. എന്റെ മുഖത്തേക്ക് നോക്കാതെ.

"എഴുന്നേറ്റ് വാ .... നമുക്കൊരുമിച്ച് ചോറ് ഉണ്ണാം" ഞാന്‍ വീണ്ടും വിളിച്ചു.

"എനിക്ക് വേണ്ട...." അതോരപേക്ഷയായിരുന്നു. ആ വാക്കുകളിലെ വേദനയുടെ നീറ്റല്‍ ഞാനറിഞ്ഞു. വീണ്ടും ആ കണ്ണുകള്‍ കണ്ണീര്‍ കടലായി.
ഞാന്‍ അവളുടെ കൂടെ ആ കട്ടിലില്‍ ഇരുന്നു. അവളുടെ കൈകളില്‍ മുറുകെ പിടിച്ചു. എന്റെ സ്പര്‍ശം അവള്‍ക്കു ഏറെ ആശ്വാസം പകരുന്നു എന്നെനിക്കു തോന്നി.

കുറച്ചു നേരം പിന്നെയും നിശബ്തതയായിരുന്നു, ഭീകരമായ ഒരു നിശബ്തത.

ഇത്തവണ നിശബ്തത ഭേദിച്ചത് അവളായിരുന്നു.
"ഞാന്‍ തീറ്റി വളര്‍ത്തുന്നത് എന്റെ വയറ്റില്‍ കിടക്കുന്ന എന്റെ സ്വന്തം അച്ഛന്റെ കുഞ്ഞിനെയാണെന്ന് ഓര്‍ക്കുമ്പോള്‍ എനിക്ക് എങ്ങനെ ഭക്ഷണം കഴിക്കാന്‍ തോന്നും...." അവള്‍ക്കു പറഞ്ഞു മുഴുമിപ്പിക്കാന്‍ കഴിഞ്ഞില്ല. അതിനുമുമ്പേ തൊണ്ടയിടറി. അവള്‍ വിങ്ങിപൊട്ടുകയായിരുന്നു. അപ്പോഴേ ഞാന്‍ അറിഞ്ഞുള്ളൂ അവള്‍ ഗര്‍ഭിണി ആണെന്നും അവളുടെ വയറ്റില്‍ വളരുന്നത്‌ അവളുടെ സ്വന്തം അപ്പന്റെ കുഞ്ഞ് ആണെന്നും.

പിന്നെ അവള്‍ എന്നോട് പറഞ്ഞ കഥയ്ക്ക് കര്‍ക്കടകരാത്രിയിലെ പെയ്തൊഴിയാത്ത പടുമഴയുടെയും ഇടിമിന്നലിന്റെയും ഭീകരതയുണ്ടായിരുന്നു.

ഹൈറേഞ്ചിലെ ഏതോ വിദൂര ഗ്രാമത്തിലായിരുന്നു അവളുടെ വീട്. രണ്ടു പെണ്മക്കളില്‍ ഇളയവള്‍ . കയ്യില്‍ കിട്ടുന്ന കൂലി മുഴുവന്‍ കുടിച്ചു തീര്‍ക്കുന്ന കൂലിപണിക്കാരനായ അച്ഛന്‍ . വര്‍ഷങ്ങള്‍ക്കു മുമ്പേ അയാളുടെ ശല്യം സഹിക്കവയ്യാതെ ഏതോ തമിഴന്റെ ഒപ്പം നാടുവിട്ട അമ്മ. പ്രായ പൂര്‍ത്തിയായപ്പോള്‍ അമ്മയുടെ അതേ വഴി പിന്തുടര്‍ന്ന ചേച്ചി. ഒടുവില്‍ അവളും അച്ഛനും മാത്രം. മൂന്നു മാസങ്ങള്‍ക്ക് മുമ്പ് ഒരു മഴക്കാല സന്ധ്യയില്‍ , ഇടമുറിയാത്ത കര്‍ക്കടമഴയുടെ മറവില്‍ അരുതാത്തത് സംഭവിച്ചു. കുടിച്ചു ലെക്കുകെട്ട അയാളെ പ്രതിരോധിക്കാന്‍ അവള്‍ക്കു കരുത്തുപോരായിരുന്നു.

ഹൃദയം വിങ്ങുന്ന വേദനയോടെ... നിലക്കാത്ത കണ്ണീരിന്റെ അകമ്പടിയോടെ... തൊണ്ടയില്‍ തങ്ങി മുറിഞ്ഞു പോകുന്ന വാക്കുകളോടെയാണ് അവള്‍ എന്നോട് ഇത്രയും പറഞ്ഞത്.

ഞാനാകെ വല്ലാത്തൊരു അവസ്ഥയില്‍ ആയി. എന്തവളോട് പറയണമെന്ന് എനിക്ക് അറിയില്ലായിരുന്നു. എനിക്കപ്പോള്‍ ഒന്നും പറയാന്‍ കഴിയുമായിരുന്നുമില്ല. ഞാനാ കൈകളില്‍ അമര്‍ത്തി പിടിച്ചു. 

നിര്‍ത്താതെ കരയുകയായിരുന്നു അവള്‍. എത്ര നേരമവിടെ ഇരുന്നു എന്നെനിക്കറിയില്ല. ഞങ്ങള്‍ രണ്ടു പേരും അന്ന് ഊണ് കഴിച്ചില്ല.

വൈകുന്നേരം അത്താഴത്തിന് അവള്‍ എല്ലാവരുടെയും കൂടെ വന്നു. കല ഏറെ മാറിയെന്നു ഞങ്ങള്‍ക്ക് തോന്നി. സാധാരണ ജീവിതത്തിലേക്ക് അവള്‍ മടങ്ങി വരികയാണെന്ന് ഞങ്ങള്‍ കരുതി. പിന്നീടുള്ള ദിനങ്ങള്‍ അവള്‍ കൂടുതൽ സന്തോഷവതി ആയി കാണപ്പെട്ടു. ചിരിച്ചും ഉല്ലസിച്ചും എല്ലാവരുമായി ചങ്ങാത്തം കൂടിയും ഒക്കെ. അവളെ എല്ലാവര്ക്കും ഏറെ ഇഷ്ടമായി.

രണ്ടാഴ്ചകള്‍ക്കു ശേഷമൊരു വൈകുന്നേരം....

അവളുടെ മുറിയിലെ ഒരു സ്ത്രീ ഓടി വന്നു പറഞ്ഞു... "കലയെ കുറെ നേരമായി കാണുന്നില്ല"

എല്ലാവരും പകച്ചു പോയി.

"വല്ല അവിവേകവും കാണിച്ചിരിക്കുമോ ദൈവമേ"
കുറെ നേരത്തെ അവള്‍ മുറ്റത്ത്‌ നില്‍ക്കുന്നത് കണ്ടവരുണ്ട്. ഞങ്ങള്‍ പറ്റാവുന്നിടത്തൊക്കെ അന്വേഷിച്ചു. ഒടുവില്‍ പോലീസിലും വിവരം അറിയിച്ചു.

വിഹ്വലതയുടെ നിമിഷങ്ങള്‍ ... മണിക്കൂറുകള്‍ ... നീണ്ട രാത്രി...

പിറ്റേന്നു രാവിലെ പോലീസിന്റെ ഫോണ്‍. "റെയില്‍വെ ട്രാക്കില്‍ ഒരു അജ്ഞാത ജഡം. നിങ്ങള്‍ വന്നൊന്നു നോക്കണം".

ജീപ്പില്‍ പോലിസ് പറഞ്ഞ സ്ഥലത്തേക്ക് പാഞ്ഞു പോകുമ്പോള്‍ മനസ്സില്‍ ഒരായിരം തവണ പ്രാര്‍ഥിച്ചു. "ദൈവമേ ഇതവളാകല്ലേ".

അവിടെ ചെന്നപ്പോള്‍ ട്രാക്കിന്റെ സമീപത്ത്, ശരീര ഭാഗങ്ങളുടെ ചിതറിയ തുണ്ടുകള്‍ ... ചതഞ്ഞരഞ്ഞ്‌.... പായ കൊണ്ട് മൂടി...

പോലിസ് മൂടി ഉയര്‍ത്തി കാണിച്ചു.
അറ്റു പോയ കയ്യില്‍ പച്ച നിറമുള്ള കുപ്പി വളകള്‍ ... വെള്ള പൂക്കളുള്ള, റോസ് ചുരിദാറിന്റെ കീറിയ കഷണങ്ങള്‍....
ഞങ്ങള്‍ തിരിച്ചറിഞ്ഞു. അതെ ഇതവള്‍ തന്നെ...

ഞാനാകെ മരവിച്ചു പോയി... തല കറങ്ങുന്നു... കണ്ണുകള്‍ക്ക്‌ കാഴ്ച പോയപോലെ... കൈയും കാലുമൊക്കെ വിറക്കുന്നു.... ഒന്നും സംസാരിക്കാന്‍ ആകുന്നില്ല... വേച്ചു വീഴാതെ ആരുടെയോ തോളില്‍ താങ്ങി...

മടക്കയാത്രയില്‍ , ജീപ്പിന്റെ പിന്‍ സീറ്റില്‍ കണ്ണടച്ചിരിക്കുമ്പോള്‍ , ഇരുമ്പു ചക്രങ്ങള്‍ക്കിടയില്‍ പെട്ട് ചതഞ്ഞരഞ്ഞ കലയുടെയും, അവളുടെ ഗര്‍ഭസ്ഥശിശുവിന്റെയും മുഖം, ഭീകരമായ ഒരു സ്വപ്നം പോലെ എന്റെ കണ്ണുകള്‍ക്ക്‌ മുമ്പില്‍ മായാതെ നിന്നു.

ഒരുപക്ഷേ... ഒരല്പം കൂടി സ്നേഹം... ഒരല്പം കൂടി സാന്ത്വനം... അവളെ ജീവിക്കാന്‍ പ്രേരിപ്പിച്ചേനെ... ഈ ചിന്തകള്‍ എന്നെ വീണ്ടും വീണ്ടും കുത്തി മുറിവേല്‍പ്പിച്ചു.

മുഖത്ത് കണ്ണീര്‍ പാടുകള്‍ വീഴ്ത്തിയത് ഞാന്‍ അറിഞ്ഞില്ല.....

12 comments:

  1. കഥയില്‍ പോലും നടക്കാന്‍ പാടില്ലാത്ത് ഈ നീചത്തരം ഇപ്പോള്‍ അധികരിച്ചിരിക്കുന്നു. പത്രങ്ങള്‍ വായിക്കുമ്പോള്‍ അങ്ങിനെയാണ് മനസ്സിലാവുക.

    ReplyDelete
    Replies
    1. അജിത്‌, ഞാനും താങ്കളോട് യോജിക്കുന്നു...

      Delete
  2. ലേബൽ ഇല്ലാത്തതിനാൽ കഥയോ അനുഭവമോ എന്നു വ്യക്തമല്ല. രണ്ടിലേതായാലും ഹൃദയത്തിലൊരു നീറ്റൽ.

    പൂർണ്ണ വിരാമം ആവശ്യമുള്ളിടത്ത് അതു തന്നെ ഉപയോഗിക്കുകയാണുത്തമം. ഒരു വാക്യം അർദ്ധോക്തിയിൽ നിർത്തുമ്പോഴാണ് ... ഇതുപയോഗിക്കുന്നത്.

    ReplyDelete
    Replies
    1. പ്രിയപ്പെട്ട നാസര്‍ , തിരുത്തലുകള്‍ക്ക് നന്ദി. വീണ്ടും വരിക..

      Delete
  3. വിധിയുടേ കറുത്ത ,കരങ്ങളില്‍
    ഉരുകി തീരുന്ന ഒരു സ്ത്രീയുടെ മനസ്സ് .
    നല്ല കഥ ,അഭിനന്ദനങ്ങള്‍.

    ReplyDelete
    Replies
    1. സ്നേഹ... അഭിനന്ദനങ്ങള്‍ക്ക് നന്ദി!

      Delete
  4. ഇങ്ങനെയൊക്കെ ചിന്തിക്കാൻ കൂടി കഴിയില്ല... പക്ഷേ ഇതൊക്കെയാണു ഇപ്പോൾ പത്രങ്ങളിൽ കാണാറു..

    കഥ നന്നായി പറഞ്ഞു

    ReplyDelete
    Replies
    1. ചില സത്യങ്ങള്‍ വന്യമായ ഭാവനകളെക്കാള്‍ ഭീകരമാണ്..
      അഭിനന്ദനങ്ങള്‍ക്ക് നന്ദി സുമേഷ്

      Delete
  5. കഥ മൂന്നുതവണ വായിച്ചു. ആത്മനൊമ്പരങ്ങളുട തീവ്രത നന്നായി ചിത്രീകരിച്ചു.ആശംസകള്‍

    ReplyDelete
    Replies
    1. അഭിനന്ദനങ്ങള്‍ക്ക് നന്ദി ഉദയ പ്രഭന്‍ .

      Delete
  6. great ranjith, Proud of my classmate..ur narration is really heart touching..

    ReplyDelete
  7. അഭിനന്ദനങ്ങൾ രചയിതാവേ...
    വിധിയുടെ കൊച്ചുവിലങ്ങുകളിൽ അവൾ ഒരു അടിമയായല്ലോ എന്നൊരു ആത്മനൊമ്പരം....

    ReplyDelete

You are Welcome to Comment