Sunday, July 24, 2011

ജോര്‍ജച്ചനിവിടെവിടെയോ ഉണ്ട്

പ്രിയപ്പെട്ടവര്‍ എന്നെന്നേക്കുമായി നമ്മെ വേര്‍പിരിഞ്ഞാലും
അവര്‍ ഇനിയൊരിക്കലും നമ്മുടെ കൂടെ ഇല്ലെന്നു തിരിച്ചറിയുമ്പോഴും
മനസ്സ് പറയും ...
"ഇല്ല... അവരിവിടെ എവിടെയോ ഉണ്ട്"
പ്രിയപ്പെട്ട ജോര്‍ജച്ചന്‍ ഇനിയൊരിക്കലും കൂടെയില്ലെന്നറിയുമ്പോഴും
എന്റെ മനസ്സ് വെറുതെ ആഗ്രഹിക്കുന്നു..
"താമരശ്ശേരിയിലെ ഏതോ പള്ളിയില്‍ ജോര്‍ജച്ചനിപ്പോഴും ഉണ്ട് ".
"ഏല്ലാവര്‍ക്കും സ്നേഹവും പുഞ്ചിരിയും മാത്രം സമ്മാനിച്ചുകൊണ്ട്
ഇപ്പോഴും ജോര്‍ജച്ചനെവിടെയോ ഉണ്ട് ".
കഴിഞ്ഞ തവണ അവധി കഴിഞ്ഞ് തിരികെ പോരേണ്ട ദിവസം..
രാവിലെ വയ്യാത്ത കാലും വെച്ച് വണ്ടിയോടിച്ച്‌
ജോര്‍ജച്ചന്‍ എന്റെ വീട്ടില്‍ വന്നു.
"നിന്നെയൊരിക്കല്‍ കൂടി പോകുന്നതിനു മുമ്പ് കാണണം എന്നു തോന്നി.
അതുകൊണ്ട്  കുര്‍ബാന കഴിഞ്ഞപ്പോള്‍ ഇങ്ങു പോന്നു".
ഒത്തിരി നേരമൊന്നുമിരുന്നില്ല,
സാധാരണ പോലെ പുഞ്ചിരിക്കുന്ന മുഖവുമായി ജോര്‍ജച്ചന്‍ പിരിഞ്ഞു...
മരിക്കുന്നതിന് ഒരാഴ്ച മുമ്പ് വിളിച്ചപ്പോഴും സുഖമന്വേഷിച്ചു,
സാധാരണ പോലെ, സ്വന്തം വേദനകള്‍ പറയാതെ തന്നെ.
ജോര്‍ജച്ചന്റെ കൂടെ ഉണ്ടായിരുന്ന കുറെ നാളുകള്‍
പച്ചകെടാതെ നില്‍ക്കുന്നുണ്ട് മനസ്സില്‍ .
എന്റെ ജീവിതത്തില്‍ എനിക്കാദ്യമായി
ഒരു ജന്മദിന സമ്മാനം തന്നത് ജോര്‍ജച്ചനായിരുന്നു .
വെള്ളയില്‍ കറുത്ത വരകളുള്ള ഒരു ഷര്‍ട്ട്‌.
എനിക്കേറെ ഇഷ്ടമുണ്ടായിരുന്നത്.
ആര്‍ക്കു മറക്കാന്‍ കഴിയും എപ്പോഴും പുഞ്ചിരിക്കുന്ന ആ മുഖം,
ആരുടേയും കുറ്റം ഒരിക്കലും പറയാത്ത
കണ്ടുമുട്ടുന്ന കൊച്ചുകുഞ്ഞിന്റെ പോലും പേര് മറന്നുപോകാത്ത
ഓരോരുത്തരുടെയും ജന്മദിനങ്ങളില്‍ ആശംസയുമായെത്തുന്ന
സ്നേഹം മാത്രമുള്ള ആ ഹൃദയം,
പള്ളിമുറ്റത്തെ കൊച്ചു പൂന്തോട്ടത്തില്‍
സീനിയ ചെടികള്‍ ശ്രദ്ധയോടെ നടുന്ന
ദിവസവും അതിനെ പരിപാലിക്കാന്‍ സമയം കണ്ടെത്തുന്ന
എന്നും അതില്‍ പൂക്കള്‍ വിരിഞ്ഞോ എന്നന്വേഷിക്കുന്ന
ആ നിഷ്കളങ്ക മനസ്സ്,
മറക്കില്ലൊരിക്കലും.. ഞാനെന്നല്ല ആരും..
ഞങ്ങളുടെ പ്രിയപ്പെട്ട ജോര്‍ജച്ചനെ...

No comments:

Post a Comment

You are Welcome to Comment